സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സി.പി.ഐ.എം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണത്തിന് പിന്നില്‍ അറിയപ്പെടുന്ന സി.പി.ഐ.എം നേതാക്കളായിരുന്നു.
ഹീനമായ വര്‍ഗീയ പ്രചരണം നടത്തിയവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പൊലീസ് കര്‍ശന നടപടി എടുക്കുന്നില്ലെന്നില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം തുടങ്ങും.
വടകരയിലെ ‘കാഫിര്‍’ പ്രയോഗം സി.പി.ഐ.എം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ മെനയുന്ന അതേ തന്ത്രമാണ് വടകരയില്‍ ജയിക്കാന്‍ സി.പി.ഐ.എമ്മും പുറത്തെടുത്തത്. താത്ക്കാലിക ലഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കുമെന്ന് മുതിര്‍ന്ന സി.പി ഐ.എം നേതാക്കള്‍ പോലും മറന്നു. സി.പി.ഐ.എമ്മില്‍ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞു.
വര്‍ഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാക്കാള്‍ തന്നെയാണ്. സമൂഹത്തില്‍ ഭിന്നിപ്പിന്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായ കളിയാണ്. അതുണ്ടാക്കുന്ന മുറിവുകള്‍ കാലമെത്ര കഴിഞ്ഞാലും ഉണങ്ങില്ല. ഇനിയെങ്കിലും സി.പി.ഐ.എമ്മിന് തിരിച്ചറിവുണ്ടായാല്‍ നല്ലതെന്നും വി ഡി സതീശന് വ്യക്തമാക്കി.
