തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. രണ്ടാം പാപ്പാനായ ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്.
ആനകളെ തളച്ചിരുന്ന ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ വെച്ചാണ് ആന ഇടഞ്ഞത്. അക്രമാസക്തനായ ആന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാന്മാരെ ആക്രമിക്കുകയുമായിരുന്നു. ഒന്നാം പാപ്പാൻ അമൽ, രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ എന്നിവർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിന് ചവിട്ടേറ്റ ശ്രീക്കുട്ടന്റെ ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെയും ഈ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ആനയുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ വീണെങ്കിലും പാപ്പാന്മാർ ഉടൻ തന്നെ ആനയെ നിയന്ത്രിച്ച് തളച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും ആന അക്രമാസക്തനാവുകയായിരുന്നു.
