കൊച്ചി: വിവാഹം മുടക്കാൻ ശ്രമിച്ചെന്ന സംശയത്തെത്തുടർന്ന് വല്യച്ഛനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി അയ്യപ്പൻകാവ് സ്വദേശി അസിജിത്ത് ആണ് കൊച്ചി നോർത്ത് പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് വല്യച്ഛൻ തടസ്സം നിൽക്കുന്നതാണ് കാരണമെന്ന് അസിജിത്ത് പൊലീസിന് മൊഴി നൽകി. തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ വല്യച്ഛൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അയ്യപ്പൻകാവിലെ റോഡിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്നു വല്യച്ഛനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
