
ഇന്ത്യയിൽനിന്നുൾപ്പടെ തീർഥാടക ലക്ഷങ്ങൾ മക്കയിലെത്തി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ 122,518 തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ എത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 20 എംബാർകേഷൻ പോയിൻറുകളിൽനിന്നും 390 വിമാനങ്ങളിലായാണ് ഇത്രയും ഹാജിമാർ സൗദിയിലെത്തിയത്. ഒരു മാസത്തിലേറെ നീണ്ട തീർഥാടകരുടെ വരവ് ശനിയാഴ്ചയാണ് അവസാനിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ കേരളത്തിൽനിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. കൊച്ചിയിൽനിന്നായിരുന്നു അവസാനത്തെ ഹജ്ജ് വിമാനം. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള മുഴുവൻ ഹാജിമാരും നേരത്തെ മക്കയിൽ എത്തിയിരുന്നു. കൊച്ചിയിൽനിന്ന് വെളിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട അവസാന വിമാനം അർദ്ധരാത്രിയോടെ ജിദ്ദ വിമാനത്താവളത്തിൽ എത്തി. അവസാന വിമാനത്തിൽ 289 തീർഥാടകരാണ് ഉണ്ടായിരുന്നത്. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ ശനിയാഴ്ച പുലർച്ചെ രണ്ടോടെ ഹറമൈൻ ഹൈസ്‌പീഡ് ട്രെയിനിൽ മക്കയിലെ താമസകേന്ദ്രത്തിൽ എത്തിച്ചു. അവസാനം എത്തിയ ഹാജിമാർക്ക് മക്കയിലെ സന്നദ്ധപ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ മൂന്ന് എംബാർക്കേഷൻ പോയിൻറുകളിൽനിന്നായി 16,341 ഹാജിമാരാണ് മക്കയിലെത്തിയത്