കടല്‍ പുറമ്പോക്ക് ഭൂമി കണ്ടെത്തി നിയമാനുസൃതം പതിച്ചുകൊടുക്കാന്‍ കോഴിക്കോട് ജില്ലയിലും സാധ്യതയുള്ളതായി റവന്യു മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറ് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന
പട്ടയ മേളയില്‍ കോഴിക്കോട് ജില്ലാതല പട്ടയമേള കോവൂര്‍ പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കടല്‍ പുറമ്പോക്ക് ഭൂമിയില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ കേന്ദ്രാനുമതി വേണം. ഇത്തരം ഭൂമിയില്‍ ഉയര്‍ന്ന വേലിയേറ്റ പരിധിയില്‍ നിന്ന് 100 മീറ്ററിനുള്ളില്‍ പട്ടയം കൊടുക്കാന്‍ കഴിയില്ല എന്നാണ് നിയമം. എന്നാല്‍ 100 മീറ്റര്‍ പരിധി കഴിഞ്ഞാല്‍ സാധിക്കും. ഈ വിധത്തില്‍ പരിശോധിച്ചപ്പോള്‍ കടല്‍ പുറമ്പോക്കായി അടയാളപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ 528 പട്ടയങ്ങളും കൊല്ലം ജില്ലയില്‍ 350 പട്ടയങ്ങളും ഇനം മാറ്റി റവന്യു ഭൂമിയായി കണക്കാക്കാമെന്ന് കണ്ടെത്തി.

ഭൂമി തരംമാറ്റ അപേക്ഷകള്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനത്ത് ലഭിച്ചത് കോഴിക്കോട് താലൂക്കില്‍ നിന്നാണ്.
അപേക്ഷകളുടെ എണ്ണം പരിഗണിച്ച് താലൂക്കിലേക്ക് ഒന്നിലേറെ ഡെപ്യൂട്ടി കളക്ടര്‍മാരെ വേണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കും.

ജില്ലയില്‍ ചങ്ങരോട് ദേശത്തെ 53.66 ഏക്കര്‍ ജാനകിവയല്‍ സര്‍ക്കാറിലേക്ക് ഏറ്റെടുത്തുകഴിഞ്ഞു. ഇതില്‍ പട്ടയം നല്‍കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഈങ്ങാപ്പുഴ, ചെറുപ്ലാട് നിവാസികളുടെ പട്ടയപ്രശ്‌നം പരിഹരിക്കാനായി ചെമ്പനോട വില്ലേജില്‍ 2.62 ഹെക്ടര്‍ ഭൂമി പകരം വനംവകുപ്പിന് നല്‍കുന്നതിനുള്ള പദ്ധതി അവസാനഘട്ടത്തിലാണ്. മംഗലശ്ശേരി തോട്ടം പ്രദേശത്തെ ജനങ്ങളുടെ പട്ടയപ്രശ്‌നം പരിഹരിക്കുന്നതില്‍ പകരം ഭൂമി വനം വകുപ്പിന് നല്‍കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കടലുണ്ടി ഫിഷ് ലാന്‍ഡിങ് സെന്ററിനായി ഭൂമി കണ്ടെത്തിയ വകയില്‍ പകരം 2.06 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് നല്‍കുന്നത് പരിഗണയിലാണ്.

ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം കോഴിക്കോട് ജില്ലയില്‍ ആകെ 20,584 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യു മന്ത്രി പറഞ്ഞു. ജില്ലയെ സംബന്ധിച്ചു ഇത് റെക്കോര്‍ഡാണ്. ഇതില്‍ ചൊവ്വാഴ്ച വിതരണം ചെയ്ത 3270 പട്ടയങ്ങളും ഉള്‍പ്പെടും.

പട്ടയമേളയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയായി. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, പി ടി എ റഹീം, ലിന്റോ ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ (ലാന്റ് റവന്യു) പി എന്‍ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *