ഭാര്യയ്ക്ക് വരുമാനമുണ്ടെങ്കിലും മക്കൾക്ക് ചെലവിന് നൽകാൻ പുരുഷന് ഉത്തരവാദിത്തമുണ്ടെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. മകളെ പരിപാലിക്കാൻ തനിക്ക് ബാധ്യതയില്ലെന്ന യുവാവിന്‍റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുമീത് ഗോയൽ ഈ നിരീക്ഷണം നടത്തിയത്. മകൾ അവളുടെ അമ്മയുടെ കൂടെയാണ് താമസമെന്നും അവളുടെ കാര്യങ്ങൾ നോക്കാൻ അമ്മയ്ക്ക് വരുമാനമുണ്ടെന്നുമാണ് യുവാവ് വാദിച്ചത്.അമ്മയ്ക്ക് ജോലിയുണ്ടെന്ന് കരുതി മക്കളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ അച്ഛന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭാരതീയ ന്യായ് സംഹിതയിലെ 125ആം വകുപ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പ് വരുത്താനുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവ് ഭാര്യയെയും കുട്ടികളെയും പരിപാലിക്കാൻ ബാധ്യസ്ഥനാണ്. ധാർമ്മികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ജഡ്ജ് പറഞ്ഞു.പ്രായപൂർത്തിയാകാത്ത മകൾക്ക് 7,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ യുവാവ് നൽകിയ റിവിഷൻ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 22,000 രൂപ മാത്രമാണ് തന്‍റെ വരുമാനമെന്നും ആറ് കുടുംബാംഗങ്ങൾ തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും യുവാവ് വാദിച്ചു. മകളുടെ അമ്മയ്ക്ക് അവളെ പരിപാലിക്കാൻ സാമ്പത്തിക ഭദ്രതയുണ്ടെന്നും കോടതിയിൽ പറഞ്ഞു.എന്നാൽ ഇടക്കാല ജീവനാംശം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പുള്ള താൽക്കാലിക നടപടി മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരന്‍റെ മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അവൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കേണ്ടത് അച്ഛന്‍റെ ധാർമികവും നിയമപരവുമായ കടമയാണെന്നും കുടുംബ കോടതി ഉത്തരവിൽ പറയുന്നു. അതിനാൽ, കുടുംബ കോടതി അനുവദിച്ച ഇടക്കാല ജീവനാംശത്തിൽ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുവാവിന്‍റെ ഹർജി ഹൈക്കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *