കോട്ടയം: മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. തൃശൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും. അഞ്ചാം തിയതി വിഷയത്തില്‍ തീരുമാനമുണ്ടാകും. വിഷയത്തിനു സമവായത്തിലൂടെ പരിഹാരമുണ്ടാക്കുമെന്നും വിവാദമാകില്ലെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുസ്‌ലിം ലീഗ് അടക്കമുള്ള എല്ലാ ഘടകകക്ഷികളുമായും ഒരു തവണ ചര്‍ച്ച കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ചില കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിച്ചു. ലീഗുമായുള്ള പ്രാരംഭ ചര്‍ച്ചയില്‍ അവരുടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളെല്ലാം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചാം തിയതിയോടെ തീരുമാനമെടുക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.