കനത്ത നാശം വിതച്ച് റഷ്യ-യുക്രൈൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നു.ഇതുവരെ ആറായിരത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി അറിയിച്ചു.ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ നഗരമായ ഹര്‍കീവില്‍ 21 ഉം പടിഞ്ഞാറന്‍ നഗരമായ ഷൈറ്റോമിറില്‍ നാലു പേരും ഇന്ന് കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്നുപുലര്‍ച്ച അഞ്ചു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതിനിടെ തെക്കന്‍ യുക്രൈനിയന്‍ തുറമുഖ നഗരമായ ഖെര്‍സണ്‍ പിടിച്ചെടുത്തുവെന്ന് റഷ്യന്‍സേന അവകാശവാദം ഉന്നയിച്ചു. നഗരം ഇപ്പോള്‍ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യയുടെ അവകാശവാദം.അതേ സമയം റഷ്യയുടെ വാദത്തെ ഖേര്‍സണ്‍ ഗവര്‍ണര്‍ തള്ളിയിട്ടുണ്ട്. എന്നാല്‍ നഗരം റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി “റഷ്യ, യുക്രൈൻ, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള സുരക്ഷയും സൗകര്യവും ഒരുക്കുന്നത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും” കുടുങ്ങിയവരെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. യുക്രൈനിലുള്ള 20,000 ഇന്ത്യക്കാരിൽ 30 ശതമാനം പേർ ഇതിനകം ഇന്ത്യയിലെത്തിക്കഴിഞ്ഞെന്നും, 30 ശതമാനം പേർ അയൽരാജ്യങ്ങളിലാണെന്നും സർക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *