കോഴിക്കോട് :ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ പുതിയ നാലു നില കെട്ടിടം ഏപ്രിൽ 12ന് കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ലീഡർ കെ.കരുണാകരൻ മന്ദിരം എന്നാണ് ഓഫീസ് നാമകരണം ചെയ്തിരിക്കുന്നത്. ഏഴ് കോടിയിലധികം രൂപ ചിലവിട്ട് നിർമിച്ച ഓഫീസിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോൺഗ്രസ് ഓഫീസാണെന്ന് ഡിസിസി അധ്യക്ഷൻ കെ.പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസിനു പുറമേ വിവിധ പോഷകസംഘടനകൾക്കും വിവിധ സെല്ലുകൾക്കുമുള്ള പ്രത്യേകം ഓഫിസുകൾ കൂടി ഉൾക്കൊള്ളിച്ചാണ് പുതിയ കെട്ടിടം. 350 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം കെട്ടിടത്തിന്റെ പ്രത്യേകയാണ്. വാർ ആൻഡ് റിസർച് റൂമും കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 110 പേർക്ക് ഇരിക്കാവുന്ന മീഡിയ റൂമും ഒന്നാം നിലയിലാണ്.ഡിസിസി നേതൃയോഗം ചേരാൻ കഴിയുംവിധം 150 പേർക്കിരിക്കാവുന്ന മിനി ഓഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്. 25 വർഷത്തെ ഭാവിപ്രവർത്തനം മുന്നിൽക്കണ്ടാണ് ഇതു സജ്ജീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു.ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രിൽ ആറ് മുതൽ മെയ് ആറ് വരെ ഒരു മാസം നീളുന്ന സാംസ്കാരിക പരിപാടികളും കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണ് പരിപാടികൾ നടക്കുക.
