മേപ്പാടി (വയനാട്) : ഉരുള്‍ പൊട്ടലില്‍ മണ്ണിലും ചെളിയിലും പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനത്തിലും സജീവമായി നായകളും. കേരള പൊലീസിന്റെയും സൈന്യത്തിന്റെയും ആറു നായകളാണ് ദുരന്തമുഖത്ത് തിരച്ചിലില്‍ സജീവമായിട്ടുള്ളത്. മാഗി, മായ, മര്‍ഫി എന്നിവരാണ് ചൂരല്‍മലയിലുള്ള പൊലീസ് നായകള്‍.

മര്‍ഫിയും മായയും കൊച്ചി സിറ്റി പൊലീസിന്റേയും മാഗി വയനാട് പൊലീസിന്റേയും നായകളാണ്. മര്‍ഫിയും മായയും ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പ്പെട്ടതും, മാഗി ലാബ്രഡോര്‍ ഇനത്തിലും പെട്ട നായകളാണ്. മൂന്നാര്‍ പെട്ടിമുടി ദുരന്തസ്ഥലത്തും മായയും മര്‍ഫിയും തെരച്ചിലിനായി ഉണ്ടായിരുന്നു. 25 അടി താഴ്ചയിലുള്ള മൃതദേഹംപോലും ഇവയ്ക്ക് മണംപിടിച്ച് കണ്ടെത്താനാകും.

മായയും മര്‍ഫിയും ഇതുവരെ ദുരന്തസ്ഥലത്തു നിന്നും നാലു മൃതദേഹങ്ങളാണ് മണ്ണിനടിയില്‍ നിന്നും കണ്ടെടുത്തത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു വിദഗ്ധയായ മാഗിയുടേത് ആദ്യ മേജര്‍ ഓപ്പറേഷനാണ്. തുടര്‍ച്ചയായിട്ടുള്ള മഴയും ചെളിയുടെ കനത്ത പാളികളുമാണ് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

മീററ്റിലെ റെമോണ്ട് വെറ്ററിനറി കോര്‍പ്സിലെ പരിശീലനം സിദ്ധിച്ച മൂന്നു നായകളെയാണ് സൈന്യം തിരച്ചിലിന് ഇറക്കിയിട്ടുള്ളത്. ജാക്കി, സാറ, ഡിക്സി എന്നീ നായകളാണ് സൈന്യത്തെ തിരച്ചിലിന് സഹായിക്കുന്നത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഈ നായകളെ മുണ്ടക്കൈയില്‍ തിരച്ചിലിനാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ നിരവധി പ്രകൃതിദുരന്തങ്ങളില്‍ ഇവയുടെ സേവനം വിനിയോഗിച്ചിരുന്നതായി സൈന്യം വ്യക്തമാക്കി. മീററ്റില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തിലാണ് നായകളെ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *