കല്‍പ്പറ്റ: സൈന്യത്തിന്റെ തിരിച്ചലിനിടെ മണ്ണടരുകള്‍ക്കുള്ളില്‍ നിന്ന് നാലാം ദിനം നാലുപേരെ ജീവനോടെ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് കണ്ടെത്തിയത്. കരസേനയുടെ ആസ്ഥാനത്തുനിന്നാണ് ഈ വിവരം അറിയിച്ചത്. പടവെട്ടിക്കുന്നില്‍ നിന്നാണ് നാലുപേരെ കണ്ടെത്തിയത്. പാടുപെട്ടാണ് ഇവരെ കണ്ടെത്തിയതെന്നും ഇവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായും സൈന്യം അറിയിച്ചു. ഓപ്പറേഷന്റെ നാലാം ദിനമാണ് ഇവരെ കണ്ടെത്തയിയത്. രക്ഷപ്പെടുത്തിയ ഒരാളുടെ കാലിന് പരിക്ക് ഉണ്ടെന്ന് സൈന്യം അറിയിച്ചു. ഏത് ആശുപത്രിയിലേക്കാണ് ഇവരെ കൊണ്ടുപോകുന്നതെന്നതില്‍ വ്യക്തത വന്നിട്ടില്ല.
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 317 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിര്‍മിച്ച ബെയ്ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും.