മലപ്പുറം: പുത്തനത്താണിയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മന്ദലാംകുന്ന് സെന്ററിനു സമീപം പരേതനായ കൂളിയാട്ട് മൊയ്തുണ്ണിയുടെ മകന്‍ ശിഹാബാണ് (42) മരിച്ചത്. ഞായറാഴ്ച്ച രാത്രി 8.30 ഓടെ പുത്തനത്താണിക്കടുത്താണ് അപകടം. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ ഭാര്യ ഹൈറുന്നീസയുമായി ബൈക്കില്‍ പോകുകയായിരുന്നു.

ദേശീയ പാതയുടെ സര്‍വീസ് റോഡില്‍ എതിരെ വന്ന റെഡി മിക്‌സര്‍ ലോറിയില്‍ നേര്‍ക്ക് നേരേ ഇടിക്കുകയായിരുന്നു. ദേശീയ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനമാണിതെന്ന് കരുതുന്നു. ബൈക്ക് അല്‍പദൂരം വലിച്ചു കൊണ്ട് പോയ വാഹനം ശിഹാബിന്റെ ശരീരത്തില്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചു.

ഇടിയുടെ ആഘാതത്തില്‍ ഹൈറുന്നിസ റോഡില്‍ തെറിച്ച് വീണെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. ശിഹാബ് ഇലക്ട്രിഷ്യനാണ്. ഫാത്തിമയാണ് ശിഹാബിന്റെ മാതാവ്. മക്കള്‍: മുസ്ലിഹ്, മുഹ്‌സിന്‍.

സഹോദരങ്ങള്‍: നിയാസ്, ഫെബിന. ഖബറടക്കം തിങ്കളാഴ്ച്ച വൈകുന്നേരം മന്ദലാംകുന്ന് ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Leave a Reply

Your email address will not be published. Required fields are marked *