ശിക്ഷാപ്രഖ്യാപനത്തിന് പിന്നാലെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കല്ല്യോട്ടെ കൃപേഷിന്റേയും ശരത് ലാലിന്റേയും സ്മൃതിമണ്ഡപം സാക്ഷ്യം വഹിച്ചത്. കൃപേഷിന്റെ അമ്മയും ശരത് ലാലിന്റെ അച്ഛനും ബന്ധുക്കളുമായിരുന്നു കല്ല്യോട്ടെ വീട്ടില്‍ വിധി കാത്തിരുന്നത്. വിധിപ്രഖ്യാപനത്തിന് പിന്നാലെ സ്മൃതികുടീരത്തില്‍ കെട്ടിപ്പിടിച്ച് അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു.

“ഞങ്ങളുടെ മക്കളെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടാന്‍ ഞങ്ങള്‍ ആറ് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു” എന്ന് കൃപേഷിന്റെ അമ്മ ബാലാമണി പ്രതികരിച്ചു. “വിധിയില്‍ തൃപ്തിയുണ്ട്. ഞങ്ങളെ ആങ്ങളമാര്‍ക്ക് നീതിലഭിച്ചു ആറ് വര്‍ഷത്തെ പോരാട്ടത്തിന്റെ ഫലമാണ് ഇന്നുണ്ടായത്. വെറുതേ വിട്ടവര്‍ക്കും ശിക്ഷ കിട്ടണമെന്നാണ് ആഗ്രഹം” എന്ന് കൃപേഷിന്റെ സഹോദരി കൃപയും പറഞ്ഞു.

അതേസമയം വിധിയില്‍ തൃപ്തരല്ലെന്ന് കൃപേഷിന്റെ മറ്റൊരു സഹോദരി കൃഷ്ണപ്രിയ പ്രതികരിച്ചു. നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ വേദന മനസ്സിലാവുകയുള്ളൂ. “ഞങ്ങളെ നഷ്ടം നഷ്ടം മാത്രമായിരിക്കുകയാണ്. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്”. ഇരട്ടജീവപര്യന്തം ശിക്ഷയില്‍ അപ്പീല്‍ പോകുമെന്നും കൃഷ്ണപ്രിയ കൂട്ടിച്ചേര്‍ത്തു.

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പ്രതികരിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞ ശിക്ഷയാണ്. ബാക്കിയുള്ള പ്രതികള്‍ക്കും ജീവപര്യന്തം കിട്ടണമെന്നാണ് ആഗ്രഹം. അപ്പീല്‍ കൊടുക്കണോയെന്നതില്‍ പാര്‍ട്ടിയുമായും അഭിഭാഷകനുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *