കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ കിട്ടണമെന്നായിരുന്നു ആഗ്രഹം എന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്. വിധിയില്‍ സന്തോഷമുണ്ടെന്നും അപ്പീലിന് പോകുന്നകാര്യം പിന്നീട് തീരുമാനിക്കുമെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു. പത്ത് പ്രതികള്‍ക്കാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്.
‘വധശിക്ഷ കിട്ടണമെന്നായിരുന്നു ഞങ്ങടെ ആഗ്രഹം. അത് കിട്ടിയില്ല. വിധിയില്‍ സന്തോഷമുണ്ട്. വിധിയെ ബഹുമാനിക്കുന്നു. എംഎല്‍എക്ക് കൂടി ജീവപര്യന്തം ലഭിക്കണമായിരുന്നു. പാര്‍ട്ടിയുമായും പ്രൊസിക്യൂഷനുമായും തീരുമാനിച്ചതിന് ശേഷം അപ്പീലിന് പോകുന്നകാര്യം തീരുമാനിക്കും’-കൃപേഷിന്റെ പിതാവ് പറഞ്ഞു
ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, സിപിഎം ഉദുമ മുന്‍ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ , മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കകന്‍ എന്നീ നേതാക്കള്‍ക്ക് 5 വര്‍ഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു. പതിനായിരം രൂപ പിഴയും അടക്കണം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍, സജി ജോര്‍ജ്, സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, ടി. രഞ്ജിത്ത്, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടക്കണം.