കേരളത്തിലെ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട പൂരക പോഷകാഹാരമായ കുടുംബശ്രീയുടെ ‘അമൃതം ന്യൂട്രിമിക്സ്’ ഇനി ലക്ഷദ്വീപിലേക്കും. ആറുമാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കായി അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന ഈ പദ്ധതി, ലക്ഷദ്വീപ് വനിത-ശിശുവികസന വകുപ്പിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് അയൽസംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നത്.
ലക്ഷദ്വീപിലെ 10 ദ്വീപുകളിൽ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണ് ഈ പോഷകക്കൂട്ട് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ കിലോയ്ക്ക് നൂറു രൂപ നിരക്കിൽ 390 കിലോഗ്രാം ന്യൂട്രിമിക്സ് നൽകാനാണ് ധാരണ. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് വനിത-ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ഔദ്യോഗികമായി കത്ത് നൽകിക്കഴിഞ്ഞു. ജനുവരി മാസത്തിൽ തന്നെ വിതരണം ആരംഭിക്കും.
