നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നും അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി . വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് പുതിയ ഹർജിയിൽ ദിലീപിൻറെ ആരോപണം വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും ഹർജിയിൽ ദിലീപ് പറയുന്നു.
വധഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദിലീപ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയിൽവെച്ച് ഫോൺ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതികൾ കൈമാറിയ ഫോണിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തർക്കം തുടർന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *