റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി കീവ്.റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും തിരിച്ച് പിടിച്ചിരുന്നു. തിരിച്ച് പിടിച്ച പ്രദേശങ്ങളിൽ കാണാൻ കഴിയുന്നത് ചിതറി കിടക്കുന്ന മൃതദേഹങ്ങളും നശിപ്പിക്കപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളുമാണ് . ബുച്ചയിൽ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

വൻ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയ നഗരത്തിൽ ശവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നിരത്തുകളിൽ കിടന്നിരുന്ന 280 മൃതദേഹങ്ങൾ ശ്മശാനത്തിൽ കൂട്ടിയിട്ട് കത്തിച്ചതായി മേയർ അനറ്റൊലി ഫെഡറുക് പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.

കുറഞ്ഞത് 20 പുരുഷന്മാരുടെ മൃതദേഹം സാധാരണക്കാരുടെ വേഷത്തിൽ ബുച്ചയിലെ ഒരു നിരത്തിൽ മാത്രമായി തങ്ങൾക്ക് കാണാൻ സാധിച്ചുവെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയുന്നു.

മരിച്ചു കിടന്നവരിൽ പലർക്കും പിന്നിൽ നിന്നാണ് വെടിയേറ്റതെന്ന് ഫെഡറുക് പറയുന്നു. ഭീതിയോടെ റഷ്യൻ സൈന്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ സാധാരണക്കാരായവർക്ക് നേരെ റഷ്യൻ സൈന്യം തുരുതുരാ വെടിയുതിർത്തതായിരിക്കാം എന്നാണ് റിപ്പോർട്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നുവെന്നും ഇതിൽ 14 വയസ്സുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ടെന്നും ഫെഡറുക് കൂട്ടിച്ചേത്തു. തങ്ങളുടെ പക്കൽ ആയുധങ്ങളൊന്നും ഇല്ല എന്നറിയിക്കാൻ വേണ്ടി പലരും കൈകളിൽ വെളുത്ത ബാൻഡേജ് ചുറ്റിയിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നഗരം തകർന്ന് തരിപ്പണമായ അവസ്ഥയിലാണെന്നും കെട്ടിടങ്ങളെല്ലാം നശിപ്പിക്കപ്പെട്ടുവെന്നും വീടുകളെല്ലാം നിലംപൊത്തിയെന്നും മേയർ പറഞ്ഞു. ദുരന്ത നഗരമായി കീവ് മാറിയെന്നും, ഇതാണ് റഷ്യൻ അധിനിവേശത്തിന്റെ അനന്തര ഫലമെന്നും എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മേയർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *