പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ദേശീയ അസംബ്ലിയിൽ നാടകീയ നീക്കങ്ങൾ. വിദേശ ഗൂഡാലോചനയിൽ പാകിസ്ഥാൻ അസംബ്ലി പങ്കാളിയാകില്ലെന്ന് പറഞ്ഞ് സ്‌പീക്കർ അവിശ്വാസ വോട്ടെടുപ്പ് ആവശ്യം തള്ളി. പിന്നാലെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയംഅവതരിപ്പിച്ചു, പ്രതിപക്ഷ അംഗം അവതരിപ്പിച്ച സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ പ്രതിപക്ഷത്തെ നൂറിലധികം എംഎല്‍എമാര്‍ ഒപ്പുവച്ചു.

ഇതിനിടെ, ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുത്തില്ലെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും രാജിവെക്കില്ലെന്നുമായിരുന്നു ഇമ്രാന്‍ ഖാന്റെ നിലപാട്.

അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകള്‍, ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദിലെ ജില്ലാ മജിസ്‌ട്രേറ്റ് നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നു . സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇസ്ലാമാബാദിലെ ദേശീയ അസംബ്ലിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അവിശ്വാസവോട്ടില്‍ പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്‍ വീണ്ടും രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *