ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം. ഞായറാഴ്ച ഒഡീഷയിലെ കട്ടക്കിൽ നടന്ന സൗഹൃദ മത്സരത്തിനിടെ നോ ബോൾ വിളിച്ച അമ്പയറെ കുത്തിക്കൊന്ന് ഫീൽഡിങ് ടീം. 22 കാരനായ ലക്കി റൗട്ടിനെ ബാറ്റും കത്തിയും ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്രഹ്മപൂർ, ശങ്കർപൂർ എന്നീ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ കളി നിയന്ത്രിച്ചിരുന്ന ലക്കി റൂട്ട് ഒരു പന്തിനെ നോ ബോൾ വിളിച്ചതിനെ തുടർന്ന് ഫീൽഡിംഗ് ടീമുമായി വാക്കേറ്റമുണ്ടായി തർക്കം രൂക്ഷമായപ്പോൾ ബാറ്റും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലക്കി ചികിത്സയ്ക്കിടെ മരിച്ചു. നാട്ടുകാർ ഇടപെട്ട് പ്രതികളെ പിടികൂടിപോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കട്ടക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
