കോഴിക്കോട് / ന്യൂഡൽഹി∙ ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനുള്ളിൽ യാത്രക്കാരൻ തീയിട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റെയില്‍വേയും സംസ്ഥാനത്തോട് വിവരങ്ങള്‍ തേടി. കേന്ദ്ര അന്വേഷണ ഏജന്‍സികളും സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. തീയിട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.മുരളീധരൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. സംഭവത്തില്‍ ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.

വിഷയത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ, സുരക്ഷാ അവലോകനങ്ങളിൽ പാളിച്ചയുണ്ടായോ റെയിൽവേ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങി സമഗ്രമായ അന്വേഷണത്തിനും പരിശോധനയ്ക്കുമാണ് റെയിൽവേ മന്ത്രാലയം ഒരുങ്ങുന്നത്. ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

തീവ്രവാദ വിരുദ്ധ സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. അതിനിടെ, ട്രെയിനിനു തീവച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. കേസിലെ തുടർനടപടികൾ കണ്ണൂരിലെത്തി ചർച്ചകൾക്കു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് തെളിവുകൾ ലഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *