തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന് നേരത്തെ വന്ന് വേദി പിടിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായതോടെ നീക്കി.

ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തിനിടയിലും ഐ.പി.എല്‍ ക്യാപ്റ്റന്മാര്‍ക്കിടയിലും രാജീവ് ചന്ദ്രശേഖര്‍ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് ‘ചന്ദ്രനടി’ എന്ന അടിക്കുറിപ്പോടെ നല്‍കിയത്. എന്നാല്‍, അന്ത്യത്താഴ ചിത്രം വിവാദമായതോടെ നീക്കുകയും ഐ.പി.എല്‍ ചിത്രം മാത്രം നിലനിര്‍ത്തുകയും ചെയ്തു.

സംഭവത്തില്‍ ബിനീഷ് കോടിയേരിയെ ശക്തമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍ രംഗത്തെത്തി. ബി.ജെ.പിക്കാരെ ട്രോളണമെങ്കില്‍ അന്ത്യത്താഴ ചിത്രത്തില്‍ സംഘികളുടെ പടം വെട്ടിക്കയറ്റിയിട്ട് വേണ്ടായെന്ന് ജിന്റോ പറഞ്ഞു.

തുറമുഖം ഉദ്ഘാടന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എങ്ങനെ വന്നു എന്ന് ചോദിക്കാന്‍ ആര്‍ജ്ജവമുള്ള ഒരാളും സി.പി.എമ്മില്‍ ഇല്ലായെന്ന് അറിയാമെന്നും ജിന്റോ കുറ്റപ്പെടുത്തി. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ ഇതും എ.കെ.ജി സെന്ററിന്റെ പ്രൊഡക്ട് ആണോയെന്നും ജിന്റോ ചോദിച്ചു.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
‘ബിനീഷ് കോടിയേരി നിലവാരം വീണ്ടും ഓര്‍മ്മിപ്പിച്ചു. തികച്ചും സര്‍ക്കാര്‍ പരിപാടി മാത്രമായ വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് എങ്ങനെ വന്നു എന്ന് ചോദിക്കാന്‍ ആര്‍ജ്ജവമുള്ള ഒരാളും സിപിഎമ്മില്‍ ഇല്ലെന്നറിയാം. പക്ഷേ ഒന്ന് പറഞ്ഞേക്കാം നിനക്കൊക്കെ ബിജെപിക്കാരെ ട്രോളണമെങ്കില്‍ അത് അന്ത്യ അത്താഴ ചിത്രത്തില്‍ സംഘികളുടെ പടം വെട്ടിക്കയറ്റിയിട്ട് വേണ്ടാ. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. അതോ കോടിയേരി കുഞ്ഞിന്റെ ഈ ലീലാവിലാസവും എകെജി സെന്റര്‍ പ്രൊഡക്റ്റ് ആണോ… വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ. പോസ്റ്റ് മുക്കിയാല്‍ അതിനര്‍ത്ഥം അവനവന് പോലും ഉറപ്പില്ലാത്ത പണിയാണ് കാണിച്ചത് എന്നല്ലേ?’

Leave a Reply

Your email address will not be published. Required fields are marked *