അങ്കമാലി -ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനമായതായി മന്ത്രി അബ്ദുറഹ്‌മാന്‍. ഇതിനായി കേന്ദ്ര വിദഗ്ധസംഘം കേരളത്തില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗികമായി പ്രവൃത്തി ആരംഭിക്കാന്‍ ഭൂമി ഏറ്റെടുക്കല്‍ തീരുമാനമാകും. കുറെ വര്‍ഷങ്ങളായി കേരള ജനത ആഗ്രഹിക്കുന്ന പദ്ധതിയായ അങ്കമാലി -ശബരി റെയില്‍പാതക്കുള്ള പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ റെയിലില്‍ ചര്‍ച്ചയുണ്ടായില്ലെന്നും മന്ത്രി അറിയിച്ചു. ശബരി റെയില്‍പാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കുടുംബങ്ങള്‍ വഴിയാധാരമായി. എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ശ്രീധരന്‍ നിര്‍ദ്ദേശിച്ച പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ അത്തരം പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നം കാണാതിരിക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു.

മൂന്നും നാലും പാതകള്‍ നിര്‍മ്മിക്കുക എന്നത് റെയില്‍വേയുടെ ആവശ്യമാണ്. ഈ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകും എന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത് അന്‍വറാണ്. അന്‍വര്‍ യുഡിഎഫിന്റെ ഘടകമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അന്‍വര്‍ ഒരു ഘടകമേയല്ല. എം സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സ്വരാജിനെ സ്വീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *