കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തിലെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റര്‍ താര ടോജോ അലക്‌സ്. തകര്‍ന്ന കെട്ടിടത്തിനടിയില്‍ രണ്ടര മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തി സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു ആണ് മരിച്ചത്. ട്രോമാ കെയറില്‍ ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാന്‍ വന്നപ്പോഴാണ് ദാരുണാപകടം. സംഭവം നടന്ന ഉടന്‍ സ്ഥലം സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറയുന്ന എല്ലാ വാദങ്ങളും പച്ച നുണയാണെന്ന് അവര്‍ ആരോപിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്, ഇടിഞ്ഞു പൊളിഞ്ഞു വീണത് അടച്ചിട്ടിരുന്ന കെട്ടിടമാണെന്നും, സംഭവത്തില്‍ രണ്ടുപേര്‍ക്ക് സാരമായ പരിക്ക് മാത്രമേ ഉള്ളൂ എന്നാണ്.
എന്നാല്‍ വീണ ജോര്‍ജ് പറയുന്ന എല്ലാ വാദങ്ങളും പച്ച നുണയാണ് എന്ന് തെളിയുകയാണ്.. മൂന്നു വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടമാണ് ഇതെന്നും ശുചിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന തന്റെ അമ്മയെ കാണാനില്ല എന്ന് ഒരു കുഞ്ഞു പറഞ്ഞതിനെ തുടര്‍ന്ന് നടന്ന തിരച്ചിലില്‍, അവിടെ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
വീണ ജോര്‍ജ് ഈ സംഭവത്തെ ഇത്രയും നിസ്സാരവല്‍ക്കരിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയതില്‍ അത്ര അത്ഭുതപ്പെടാനൊന്നുമില്ല. കാരണം കെട്ടിടം പൊളിഞ്ഞു വീണത് അവരുടെ ഭര്‍ത്താവിന്റെയോ കുട്ടികളുടെയോ തലയില്‍ അല്ലല്ലോ.
നാട്ടുകാരുടെ ദേഹത്തല്ലേ…
പ്രായഭേദമന്യേ ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ക്കും, അവരുടെ കൂടെ വരുന്നവര്‍ക്കും, ബൈ-സ്റ്റാന്‍ഡേഴ്സ്സിനും, ഡോക്ടര്‍മാര്‍ക്കും നര്‍സ്സുമാര്‍ക്കും അഡ്മിനിസ്‌ട്രേറ്റ് സ്റ്റാഫുകള്‍ക്കും ആരോഗ്യമേഖല ജീവനക്കാര്‍ക്കും ജീവന് ഭീഷണിയായി ഒരു കെട്ടിടം ഭാര്‍ഗവീനിലയം പോലെ മെഡിക്കല്‍ കോളേജില്‍ നിലകൊണ്ടിട്ടും,
അത് പൊളിച്ചു മാറ്റാനോ, അല്ലെങ്കില്‍ പരിസരത്തേക്ക് മനുഷ്യര്‍ സഞ്ചരിക്കുന്നതിന് തടയിടാനോ… അതിന്മേല്‍ ഒരു നടപടിയും എടുക്കാതിരുന്നാ ആരോഗ്യവകുപ്പ് മന്ത്രിയുടെ ക്യാപ്‌സ്യൂള്‍ എന്തായാലും കൊള്ളാം.
ഇങ്ങനെ എത്രയെത്ര പൊളിഞ്ഞു വീഴാറായ പുരാവസ്തുക്കള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരണക്കെണികളായി നിലനിര്‍ത്തപ്പെടുന്നുണ്ട്?
കേരളത്തിന്റെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മുഖം എന്നു കരുതപ്പെടുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍, വിള്ളല്‍ വിഴാത്ത ഒരു കെട്ടിടമെങ്കിലും ഇന്ന് കാണാന്‍ സാധിക്കില്ലമോ? സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്‌ലറ്റുകളുടെയും
പരിസരപ്രദേശങ്ങളുടെയും നമ്പര്‍ വണ്‍ അവസ്ഥയെ കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ.
ലൈറ്റും ക്യാമറയും ചാനലുകാരെയൂം കൊണ്ട് മിന്നല്‍ പരിശോധന ഫോട്ടോഷൂട്ട് നടത്തുമ്പോള്‍, മേല്‍പ്പറഞ്ഞതെല്ലാം കൂടി ഒന്ന് ഷൂട്ട് ചെയ്ത് ജനങ്ങളെ കാണിക്കണം മന്ത്രി.
ഒരു ജനാധിപത്യ സംവിധാനത്തില്‍, പൊതുജനങ്ങളുടെ പൈസ കൊണ്ട് നടത്തിക്കൊണ്ടു പോകുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ വരുന്ന എല്ലാ മനുഷ്യരുടെയും ജീവന്‍ സുരക്ഷിതമാക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്. .
സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നുകള്‍ ഇല്ല, ഉപകരണങ്ങള്‍ ഇല്ല, ചികിത്സാ സൗകര്യങ്ങള്‍ ഇല്ല, ചികിത്സ നല്‍കേണ്ടവരും ഇല്ല…ആശുപത്രി കെട്ടിടങ്ങള്‍ക്ക് സുരക്ഷയും ഇല്ല..
മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത അധികാര അഹങ്കാരത്തിന്റെ ഏറ്റവും കൃത്യമായ പ്രതിബിംബമാണ് വീണ ജോര്‍ജ് എന്ന ഈ നിര്‍ഗുണയായ മന്ത്രി.
പൊളിഞ്ഞു വീഴുന്നത് ആശുപത്രികളായിരിക്കും…
ജീവന്‍ പൊലിയുന്നത് സാധാരണ ജനങ്ങളുടെതായിരിക്കും…
പക്ഷേ, ഇനി അങ്ങോട്ട് പൊളിച്ചെടുക്കപ്പെടുന്നത് അതിനുത്തരവാദികളായ ഭരണാധികാരികളുമായിരിക്കും.