ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച അപകടത്തിന് കാരണമായത് കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്.

മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് രാവിലെ 9 മണിക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു ദാരുണമായ അപകടം. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട്‌പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു സംഘം യാത്ര ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *