കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍.കേസില്‍ നേരത്തെ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പിതാവിന്റെ ആരോപണത്തിലും പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
അതിനിടെ, മരിച്ച ഷഹബാസിന്റെ കുടുംബത്തെ പി.വി അന്‍വര്‍ ഇന്ന് സന്ദര്‍ശിക്കും. വരും ദിവസങ്ങളില്‍ നടക്കുന്ന പരീക്ഷകളിലും പ്രതിഷേധ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍. വ്യാപക പ്രതിഷേധങ്ങള്‍ക്കിടെയാണ് ഷഹബാസ് കൊലപാതക കേസില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ഥികള്‍ ഇന്നലെ പരീക്ഷ എഴുതിയത്. ഇവരെ പാര്‍പ്പിച്ച കോഴിക്കോട് വെള്ളിമാട് കുന്ന് ജുവനൈല്‍ ഹോമിലേക്ക് കെഎസ്‌യുവാണ് ആദ്യം പ്രതിഷേധവുമായത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എംഎസ്എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി.പ്രതിഷേധക്കാരെ മുഴുവന്‍ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബസിന്റെ പിതാവ് ഇക്ബാല്‍ പ്രതികരിച്ചിരുന്നു.