കോഴിക്കോട്: വടകര ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ച ഇടതു മുന്നണി സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ക്ക് സ്‌നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്നാണ് യു ഡി എഫ് എം എല്‍ എ സ്‌നേഹത്തോടെ കുറിച്ചത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും രമ ചൂണ്ടികാട്ടി.

കെ കെ രമയുടെ കുറിപ്പ്

ചിരി മായാതെ മടങ്ങൂ ടീച്ചര്‍..

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ
മടങ്ങാവൂ??..

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്…

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍
ഇന്നാട് ബാക്കിയുണ്ട്..

സ്വന്തം,
കെ.കെ.രമ

Leave a Reply

Your email address will not be published. Required fields are marked *