ന്യൂഡല്‍ഹി: ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തെഹ്റാന്‍ പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യയിലെ ഇറാന്‍ എംബസിയാണ് പൗരന്മാരെ രക്ഷപ്പെടുത്തിയ വിവരം ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചത്. തെക്കന്‍ തെഹ്റാനിലെ വരാമിന്‍ പട്ടണത്തില്‍ പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതെന്ന് ഇറാനിലെ മെഹര്‍ ന്യൂസ് ഏജന്‍സി (എം.എന്‍.എ) റിപ്പോര്‍ട്ട് ചെയ്യുന്നു.
‘കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തെഹ്റാന്‍ പൊലീസ് മോചിപ്പിച്ചു. ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ പൊലീസ് കണ്ടെത്തി വിട്ടയച്ചതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു -ഇറാന്‍ എംബസിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
മേയ് ഒന്നിനാണ് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി തെഹ് റാന്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബില്‍ നിന്നുള്ള മൂന്നു പേരാണ് ആസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ഇറാനിലെത്തിയത്. ആസ്‌ട്രേലിയയില്‍ മികച്ച ശമ്പളം ഇവര്‍ക്ക് പ്രാദേശിക റിക്രൂട്ടിങ് ഏജന്‍സി വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍, ഇറാനില്‍ എത്തിയതിന് പിന്നാലെ മൂന്നു പേരെയും കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി മേയ് 29ന് ഇന്ത്യയിലെ ഇറാന്‍ എംബസി ഔദ്യോഗികമായി അറിയിച്ചിരുന്നു.