അമൃത്സര്‍: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പഞ്ചാബില്‍ ഒരു യൂട്യൂബര്‍ അറസ്റ്റില്‍. നിരവധി സബ്‌സ്‌ക്രൈബര്‍മാരുള്ള, ‘ജാന്‍ മഹല്‍’ എന്ന യൂട്യൂബ് ചാനല്‍ ഉടമ ജസ്ബിര്‍ സിങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാന കേസില്‍ ഹരിയാനയില്‍ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മല്‍ഹോത്രയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.
രൂപ്നഗര്‍ ജില്ലയിലെ മഹ്ലാന്‍ സ്വദേശിയാണ് ജസ്ബിര്‍ സിങ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സെല്‍ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ ജട്ട് രണ്‍ധാവ എന്നയാളുമായി ജസ്ബിര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായും ജസ്ബിറിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 2020, 2021, 2024 എന്നീ വര്‍ഷങ്ങളില്‍ ജസ്ബിര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജസ്ബിറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ പാകിസ്താനി ഫോണ്‍ നമ്പറുകള്‍ ലഭിച്ചു. ഇതുവരെ പഞ്ചാബില്‍ നിന്ന് മാത്രം ഏഴ് പേരെയാണ് പൊലീസ് ചാരവൃത്തിക്കായി അറസ്റ്റ് ചെയ്തത്. ഇവര്‍ എല്ലാവരും ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയവരാണ്.
നേരത്ത അറസ്റ്റ് ചെയ്യപ്പെട്ട ജ്യോതി മല്‍ഹോത്ര ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലാണ് നടത്തിയിരുന്നത്. ജ്യോതി പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇന്‍ഫ്ളുവന്‍സേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താന്‍ ഇന്റലിജന്‍സ് ജ്യോതിയെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങള്‍ കൈമാറിക്കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.