എറണാകുളം: എറണാകുളം കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി ജൂണ്‍ 16 വരെ സമയം നീട്ടിനല്‍കി. ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ കര്‍ശന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം. ജൂണ്‍ 16 വരെ യാതൊരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഒഴിപ്പിക്കലിനായി ഹൈക്കോടതി മുമ്പ് അനുവദിച്ചിരുന്ന സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ്, ജൂണ്‍ ഒമ്പതിനകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി നിര്‍ദേശിച്ചത്. കുടിയൊഴിപ്പിക്കലിനായി അഭിഭാഷക കമ്മീഷന്‍ വീണ്ടും സ്ഥലത്തെത്താനിരിക്കെയാണ് അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന അപേക്ഷയോടെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ പ്രദേശവാസികളുമായി സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പെട്ടെന്നുള്ള കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

19 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ട 2.65 ഏക്കറിലാണ് ഉന്നതി കോളനിയിലെ ഏഴ് ദലിത് കുടുംബങ്ങള്‍ ആറ് പതിറ്റാണ്ടിലേറെയായി താമസിച്ചുവരുന്നത്. എന്നാല്‍ ഈ ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട് പ്രദേശവാസിയായ ഒരു വ്യക്തി നല്‍കിയ കേസില്‍ അനുകൂല വിധി ലഭിക്കുകയും, സുപ്രിംകോടതി വരെ അത് ശരിവെക്കുകയും ചെയ്തിരുന്നു. ഈ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുന്‍സിഫ് കോടതി വഴി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ പുറമ്പോക്ക് ഭൂമി കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി വീണ്ടും സര്‍വേ നടത്തണമെന്നാണ് താമസക്കാരുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *