കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.എന്‍ വാസവന്‍. തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടില്ലെന്നും ഹിറ്റാച്ചി കൊണ്ടുവരാന്‍ സമയമെടുത്തു എന്നത് മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെറ്റായി വ്യഖ്യാനിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.
ആശുപത്രി സൂപ്രണ്ട് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞതെന്നും അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് വന്നത്. വീണ ജോര്‍ജ് സൗകര്യത്തിനായി ഉദ്ഘാടനം നീട്ടിവെച്ചുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും മന്ത്രി പറഞ്ഞു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര സഹായമായി 50,000 രൂപ നല്‍കുമെന്നും കൂടുതല്‍ സഹായങ്ങള്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന തീരുമാനിക്കുമെന്നും വാസവന്‍ വ്യക്തമാക്കി.
മരിച്ച ബിന്ദുവിന്റെ കുടുംബത്തെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ബന്ധപ്പെട്ടില്ല എന്ന കുടുംബത്തിന്റെ ആരോപണത്തിന് സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടുണ്ടല്ലോ എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. രാഷ്ട്രീയം കളിക്കുന്നവര്‍ കളിക്കട്ടെയെന്നും എന്നാല്‍ ആരോഗ്യ കേന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി വാസവന്‍ പറഞ്ഞു.