കോഴിക്കോട്: അതിജീവിതക്കൊപ്പം നിന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്‌സിങ് ഓഫീസറുടെ സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. മാര്‍ച്ച് ഒന്നിലെ കോടതി ഉത്തരവിന്റെ നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തുന്ന ഉപവാസ സമരം നാലാംദിവസത്തിലേക്ക് കടന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസറാണ് പി ബി അനിത. 2023 നവംബര്‍ 28ന് അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ഡി.എം.ഇ സ്ഥലംമാറ്റി. ഉത്തരവ് ചോദ്യം ചെയ്ത് അനിത ഹൈക്കോടതിയെ സമീപിക്കുന്നു. സ്ഥലംമാറ്റം മാര്‍ച്ച് ഒന്നിന് ഹൈക്കോടതി റദ്ദാക്കുകയും ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുനര്‍ നിയമനം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.
ഏപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാന്‍ വന്ന പി.ബി അനിതയോട് പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. ഇതോടെയാണ് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ ഉപവാസ സമരം തുടങ്ങിയത്. അനുകൂല തീരുമാനം ഉണ്ടാകും വരെ സമരം തുടരാനാണ് പി.ബി അനിതയുടെ തീരുമാനം.