മികച്ച സംവിധായകനും ചിത്രത്തിനുമടക്കം 7 ഓസ്കറുകൾ നേടിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ എന്ന ചിത്രത്തെ വിമർശിച്ച് ബ്രാഹ്മണാഡ സംവിധായകൻ ജെയിംസ് കാമറോൺ. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നിക്ഷേപിച്ച അണുബോംബിന്റെ പിതാവായ ഓപ്പൺഹൈമറിന്റെ ജീവിതം പറഞ്ഞ ചിത്രത്തിൽ അണുബോംബിന്റെ പ്രത്യാഘാതങ്ങൾ ചിത്രീകരിക്കാത്തത് ധാർമ്മികതയിൽ നിന്നുള്ള ഒളിച്ചോട്ടമെന്നാണ് ജെയിംസ് കാമറോൺ ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

“ചിത്രം വളരെ നന്നായി തന്നെ നിർമ്മിച്ചിട്ടുണ്ട്, എന്നാൽ അതിലൊരു ധാർമ്മികമായ ഒളിച്ചോട്ടമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ചിത്രത്തിൽ അവർ ചിത്രികരിക്കാതെ പോയ രംഗങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്. സ്ഫോടനത്തിന് ശേഷം ഓപ്പൺഹൈമർ പ്രസംഗിക്കുന്ന ഒരു രംഗത്തിൽ തന്റെ കാൽക്കീഴിൽ ഒരു വെന്ത് ഭസ്മമായ ജഡം കിടക്കുന്നതായി അദ്ദേഹത്തിന് തോന്നുന്നൊരു രംഗമുണ്ട്, അത് മാത്രമാണ് ചിത്രത്തിൽ ബോംബ് വിഴുങ്ങിയവരെ പ്രതിനിധീകരിക്കുന്ന ഒരേയൊരു രംഗം. ചിത്രത്തിൽ പിന്നീട് ഓപ്പൺഹൈമറിന്റെ കുറ്റബോധം മാത്രമാണ് ചിത്രീകരിക്കുന്നത്” ജെയിംസ് കാമറോൺ പറയുന്നു.

തന്റെ ബ്രഹ്‌മാണ്ഡ സിനിമ പരമ്പരയായ അവതാറിന്റെ അണിയറയിൽ പ്രവർത്തിക്കുന്നതിനൊപ്പം തന്നെ അവതാറിന്റെ തുടർച്ചയല്ലാതെയുള്ള തന്റെ അടുത്ത ചിത്രത്തിന്റെയും കൂടി ഒരുക്കങ്ങളിലാണ് ജെയിംസ് കാമറോൺ. ജപ്പാനിലെ അണുബോംബ് സ്ഫോടനത്തെ അടിസ്ഥാനമാക്കി ചാൾസ് പെന്നെഗ്രിനോ എഴുതിയ ‘ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ’ എന്ന ബുക്കിനെ അടിസ്ഥാമാക്കിയാണ് ജെയിംസ് കാമറോണിന്റെ അടുത്ത ചിത്രം.

ആറ്റം ബോംബ് സ്ഫോടനത്തെ ഓപ്പൺഹൈമറിന്റെ കണ്ണിലൂടെ നോക്കി കാണാൻ മാത്രമാണ് താൻ ശ്രമിച്ചത് എന്നും ബോംബ് സ്ഫോടനം ലോകം അറിഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹവും അറിഞ്ഞത് എന്നാണ് നോളന്റെ പക്ഷം. ദുരന്തബാധിതരെ കാണിക്കേണ്ടെന്നത് നോളന്റെ തീരുമാനമാണോ നിർമ്മാതാക്കളുടെ തീരുമാനമാണോ എന്നറിയില്ലെങ്കിലും താൻ പുതിയ ചിത്രത്തിലൂടെ ആ ദൗത്യം ഏറ്റെടുക്കുകയാണ് എന്നും ജെയിംസ് കാമറോൺ കൂട്ടിച്ചേർത്തു.

ഓപ്പൺഹൈമറിൽ കാണിക്കാത്ത തന്റെ ചിത്രത്തിൽ കാണാമെന്നും, അത് വന്ന് കണ്ട് നോളൻ തന്നെ പ്രശംസിക്കൂ എന്നും ജെയിംസ് കാമറോൺ തമാശയായി പറയുന്നു. ഹോമറിന്റെ ഗ്രീക്ക് ഇതിഹാസം ഒഡീസിയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ക്രിസ്റ്റഫർ നോളന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *