ഇടുക്കി പ്ലാക്കത്തടത്ത് യുവാവിന്റെ മൃതദേഹം കവുങ്ങില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. പുത്തന്‍വീട്ടില്‍ അഖില്‍ ബാബുനെ(31) ന്റെ മൃതദേഹം ആണ് കവുങ്ങില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ അമ്മയെയും സഹോദരനെയും പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യംചെയ്തുവരുകയാണ്. ചൊവാഴ്ച രാത്രിയിലാണ് അഖില്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള കവുങ്ങില്‍ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മദ്യപാനത്തെ തുടര്‍ന്ന് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്ന വ്യക്തി ആണ് അഖില്‍ ബാബുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസവും അഖില്‍ ഇത്തരത്തില്‍ മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്ങ്ങള്‍ ഉണ്ടാക്കിയിരുന്നു. വഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മരണം സംഭവിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.