സമുദ്രമത്സ്യ മേഖലയിൽ കാര്യക്ഷമത വർധിപ്പിക്കാൻ ഡ്രോൺ ഉപയോഗത്തിന് കളമൊരുങ്ങുന്നു. കടലിലെ കൂടുമത്സ്യകൃഷി, കടൽ സസ്തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടർവാട്ടർ ഇമേജിംഗ്, ജലാശയ മാപ്പിംഗ് തുടങ്ങിയവക്കായി ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതും ലക്ഷ്യമിട്ടാണ് സംയുക്ത ദൗത്യമൊരുങ്ങുന്നത്.കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) എന്നിവ സംയുക്തമായാണ് ഡ്രോൺ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി, നവംബർ 8ന് വെള്ളിയാഴ്ച സിഎംഎഫ്ആർഐയിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും ബോധവൽകരണ ശിൽപശാലയും ഡ്രോൺ ഉപയോഗ പ്രദർശനവും നടക്കും. രാവിലെ 11ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദഘാടനം ചെയ്യും.കടലിലെ കൂടുമത്സ്യകൃഷി മുതൽ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം വരെ സമയവും ചിലവും കുറച്ച് കൂടുതൽ കുറ്റമറ്റതാക്കി മാക്കാൻ ഡ്രോൺ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് വിശദമാക്കുന്നത്. മത്സ്യമേഖലയിലുള്ളവർക്കിടയിൽ ഇതിന് സ്വീകാര്യതയും ജനപ്രീതിയും ലഭിക്കുന്നതിനുള്ള ബോധവൽകരണ ശ്രമങ്ങളാണ് ലക്ഷ്യമിടുന്നതെന്നും ഡോ ഗ്രിൻസൺ ജോർജ് പ്രതികരിക്കുന്നത്.കൂടുകളിൽ കൃഷി ചെയ്യുന്ന മീനുകളുടെ ആരോഗ്യസ്ഥിതി നിരീക്ഷണം, തീറ്റ വിതരണം, സെൻസറുകൾ ഘടിപ്പിച്ച് വെള്ളത്തിന്റെ ഗുണനിലവാര പിശോധന തുടങ്ങിയവ എളുപ്പമാക്കും. മാത്രമല്ല, ആവശ്യാനുസരണം മത്സ്യകൃഷി ഫാമുകളിൽ നിന്ന് ജീവനുള്ള മത്സ്യങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാനും ഡ്രോൺ ഉപയോഗം സഹായിക്കും. കടൽ കൂടുകൃഷിക്ക് പ്രധാന വെല്ലുവിളിയാകുന്ന അപകടകാരികളായി ആൽഗകളുടെ വളർച്ചയും വ്യാപനവും നേരത്തെ തിരിച്ചറിയാനും ഈ സാങ്കേതികവിദ്യ ഉപകരിക്കും.പൊക്കാളി പാടങ്ങളിൽ വിത്ത് വിതക്കാനും തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികളുടെ നിരീക്ഷണത്തിനും ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ദുരന്തനിവാരണം എളുപ്പമാക്കാൻ അടിയന്തിര ഘട്ടങ്ങളിൽ ലൈഫ് ജാക്കറ്റുകൾ എത്തിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താനാകും. വേമ്പനാട് കായലിലെ ജലഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് ഈ സാങ്കേതികവിദ്യ ഏറെ ഉപകരിക്കും.മാത്രമല്ല, കടലിൽ ഉപരിതലമത്സ്യങ്ങൾ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും അതുവഴി മീൻപിടുത്തം എളുപ്പമാക്കാനും ഡ്രോൺ ഉപയോഗം അവസരമൊരുക്കും. ഡ്രോൺ ഉപയോഗത്തിന്റെ സാധ്യതകൾ വിശദീകരിക്കുന്ന ബോധവൽകരണ ശിൽപശാലയിലും പ്രദർശനത്തിലും മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ എന്നിവർക്ക് പങ്കെടുക്കാം. കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ്, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവയെ പ്രതിനിധീകരിച്ച് ഉയർന്ന ഉദ്യോഗസ്ഥരും ശിൽപശാലയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *