ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സ്ത്രീ സുരക്ഷ, സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങി മേഖലയില്‍ കേരളം ഒട്ടേറെ മുന്നിലാണെന്നാണ് ജില്ലയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ വിജയ ഭാരതി സയാനി പറഞ്ഞു. ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അധ്യക്ഷ.

കമ്മീഷന് ജില്ലയില്‍ നിന്ന് ലഭിച്ച നിലവില്‍ തീര്‍പ്പാക്കാത്തതായ അഞ്ച് പരാതികളുടെ മേല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അധ്യക്ഷ വിലയിരുത്തി. ആരോഗ്യം, കെ.എസ്.ആര്‍.ടി.സി., പോലീസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍, പഞ്ചായത്ത് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളുടെ നിലവിലെ സ്ഥിതിയാണ് അധ്യക്ഷ വിലയിരുത്തിയത്. ജില്ലയില്‍ സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങി വിഭാഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവര്‍ക്കായി നല്‍കി വരുന്ന സേവനങ്ങള്‍ എന്നിവ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ വിശദ്ധീകരിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി അവരെ കായികമേഖലയിലേക്ക് വഴിതിരിച്ചു വിടാന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാലാക്കേണ്ടത് അനിവാര്യമാണെന്ന് അധ്യക്ഷ പറഞ്ഞു.

യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. രാജേന്ദ്രന്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *