പ്രഖ്യാപനം മുതൽ ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഭ്രമയുഗം. വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും കൊണ്ട് സിനിമാപ്രേമികളെ എന്നും ഞെട്ടിക്കാറുള്ള മമ്മൂട്ടിയുടെ ഒരു മികച്ച പരീക്ഷണമാകും എന്ന് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്ന ചിത്രമാണ് ‘ഭ്രമയു​ഗം. ഈ മാസം15-ന് റിലീസാകുന്ന ചിത്രത്തിന്റെ ഫൈനൽ മിക്സ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു.
സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്ററുകളുടെയും ടീസറിന്റെയും ഡീക്കോഡിങ്ങും സമൂഹ മാധ്യമങ്ങളിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ‘കുഞ്ചമൻ പോറ്റി’ എന്നാണെന്നും 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം കാണാൻ കഴിയുകയുള്ളു എന്നും കണ്ടെത്തലുകൾ നടക്കുന്നുണ്ട്.
‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *