ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച ജില്ലാ കളക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഏഴാം ക്ലാസ് വരേയുള്ള വിദ്യാർഥികൾക്ക് മാത്രം അവധി പ്രഖ്യാപിച്ചതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നഗരസഭയുടെ കീഴിൽ ഉൾപ്പെടെ വരുന്ന ഏഴ് തദ്ദേശ സ്ഥാപനങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ആണ് തിങ്കളാഴ്ച സ്കൂൾ അവധി പ്രഖ്യാപിച്ചത്.
‘ഏഴാം ക്ലാസിന് മുകളിലുള്ളവരുടെ ശ്വാസകോശം സ്പോഞ്ചു പോലെയല്ലേ?’, ‘എഴാം ക്ലാസിന് മുകളിൽ ഉള്ള കുട്ടിക്കൾക്ക് അന്തരീക്ഷ മലിനീകരണം മൂലം പ്രശ്നം വരില്ലേ’, ‘ഹൈസ്കൂൾ കുട്ടികളുടെ അടുത്ത് എത്തുമ്പോൾ പുക മാറിപോകുമോ?’, ‘ ഏഴു മുതലുള്ള ക്ലാസുകളിലേക്ക് കയറാത്ത ഒരു പ്രത്യേക തരം പുകയാണ്’ തുടങ്ങിയ കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ വരുന്നത്.അതേ സമയം ഇന്ന് കൊച്ചി നഗരത്തിൽ പുക കുറഞ്ഞെങ്കിലും കാറ്റിൻ്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂർ, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക ശക്തിപ്പെടുന്ന അവസ്ഥയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *