നടന്‍ മോഹന്‍ലാലിനെതിരെയുള്ള ആനകൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ഹരജി തള്ളി കോടതി.ഏലൂര്‍ സ്വദേശി എ.എ പൗലോസും വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ റാന്നി സ്വദേശി ജെയിംസ് മാത്യുവും സമര്‍പ്പിച്ച ഹരജികളാണ് പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.കേസുമായി മുന്നോട്ട് പോവുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്തായിരുന്നു ഹരജികാര്‍ കോടതിയെ സമീപിച്ചത്.

ആനകൊമ്പ് കേസില്‍ ഉള്‍പ്പെട്ടത് പൊതുപണമല്ലെന്നും അതിനാല്‍ ഹരജിക്കാരുടെ വാദം പരിഗണിക്കേണ്ട സാഹചര്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ഹരജികളില്‍ നടപടി തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നുള്ള നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം അംഗീകരിച്ചാണ് കോടതി ഹരജികള്‍ തള്ളിയത്.

കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഹരജികാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ആനകൊമ്പുകള്‍ കൈവശം വെക്കാന്‍ അനുമതി നല്‍കിയതിനെതിരായ ഹരജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ അനധികൃതമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മുന്‍കാല പ്രാബല്യത്തോടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യവനപാലകന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹൈക്കോടതിയിലെ ഹരജി

Leave a Reply

Your email address will not be published. Required fields are marked *