പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമിയില്‍ വീണ്ടും കണ്ണുവെച്ച് ഐടി വകുപ്പ്. ടോഫലിന്റെ പദ്ധതിയുടെ സാധ്യതകള്‍ തേടി ഐ ടി വകുപ്പ് കളക്ടര്‍ക്ക് വീണ്ടും കത്ത് നല്‍കി. ജൂണ്‍ 16ന് പദ്ധതി ഉപേക്ഷിക്കാന്‍ ചീഫ് സെക്രട്ടറിതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ഐ ടി സ്‌പെഷ്യല്‍ സെക്രട്ടറിയുടെ കത്തും ചീഫ് സെക്രട്ടറി തലയോഗത്തിന്റെ മിനിറ്റ്‌സും റിപ്പോര്‍ട്ടറിന് ലഭിച്ചു.
ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തായിരുന്നു ഇലക്‌സ്‌ട്രോണിക്‌സ് പാര്‍ക്ക് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സിപിഐ രാഷ്ട്രീയമായി ഈ പദ്ധതിയെ എതിര്‍ത്തിരുന്നു. കൃഷി മന്ത്രി പി പ്രസാദും റവന്യൂ മന്ത്രി കെ രാജനും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ജൂലൈ രണ്ടിന് വീണ്ടും ഈ പദ്ധതിയുടെ സാധ്യത ആരാഞ്ഞുകൊണ്ട് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. ലഭ്യമായ ഭൂമിയുടെ ആകെ അളവ്, ഡ്രൈ ലാന്‍ഡ് എത്ര, ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി, തണ്ണീര്‍ത്തടം എന്നിവയെക്കുറിച്ചാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയാണ് ഐടി വകുപ്പ് കൈകാര്യം ചെയ്യുന്നത്. സിപിഐ കൃത്യമായി എതിര്‍ത്ത പദ്ധതിയായിരുന്നു ആറന്മുളയിലേത്. ജൈവവൈവിധ്യത്തെയും നെല്‍വയലുകളെയും സംരക്ഷിക്കാന്‍ ഈ സ്ഥലത്ത് യാതൊരു നിര്‍മാണവും പാടില്ല എന്നായിരുന്നു പദ്ധതി നിര്‍ത്തലാക്കിക്കൊണ്ട് മിനുട്‌സില്‍ പറഞ്ഞിരുന്നത്. സിപിഐ ഇക്കാര്യത്തില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.