കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയിലെ നടപകള്‍ക്ക് സ്റ്റേ. എല്ലാ നടപടികളും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ നല്‍കിയത്.

മലയിടംതുരുത്തിലെ കുടുംബങ്ങള്‍ക്ക് തര്‍ക്കഭൂമിക്കടുത്ത് വീട് വെച്ച് നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പുതിയ വീട് വെക്കുന്നത് വരെ നിലവില്‍ താമസിക്കുന്നിടത്ത് താമസിക്കാമെന്നും, സമരക്കാര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്നും നേരത്തെ ധാരണയായിരുന്നു. ശങ്കരന്‍നായരുടെ സ്ഥലത്ത് തന്നെയാണ് അഞ്ച് സെന്റ് വീതം വീട് വെക്കാനായി നല്‍കുക.

മെയ് 20ന് രാവിലെ എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ എത്തിയതോടെയാണ് പാരിയത്തുകാവ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം വഷളായത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കാന്‍ പൊലീസും അധികൃതരുമെത്തിയത്. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ മന്ത്രി റോജി എം ജോണ്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം അവസാനിപ്പിക്കാനുള്‍പ്പടെ ധാരണയായത്.

Leave a Reply

Your email address will not be published. Required fields are marked *