തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഏർപ്പെടുത്തിയ അമിത സുരക്ഷാ ക്രമീകരണങ്ങൾ വെട്ടിച്ചുരുക്കി. വി. ഡി. സതീശൻ്റെ ഇടപെടലിനെ തുടർന്നാണ് പൊലീസ് സുരക്ഷാ ക്രമീകരണങ്ങളിൽ കുറവ് വരുത്തിയത്.

മുഖ്യമന്ത്രിയുടെ യാത്രകൾക്ക് അത്യാവശ്യം വേണ്ട സുരക്ഷയും പൊലീസുകാരും മതിയെന്ന കർശന നിർദേശം നിലനിൽക്കെയാണ് 92 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ച് ഉത്തരവിറക്കിയത്. വിവരമറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് അത്രയും സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഇടപെടുകയായിരുന്നു.

പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചതെന്നാണ് പൊലീസിൻ്റെ വിശദീകരണം . റൂറൽ എസ്‌പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മൂന്ന് ഡിവൈഎസ്‌പിമാർ, 22 എസ്ഐമാർ എന്നിവർക്ക് പുറമെ മഫ്തിയിൽ മാത്രം അമ്പതിലധികം പൊലീസുകാരെയാണ് റൂട്ടിൽ വിന്യസിക്കാൻ തീരുമാനിച്ചത്.

എന്നാൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള അമിത സുരക്ഷാ ക്രമീകരണങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കർശന നിലപാട് എടുത്തതോടെ പൊലീസ് നിർദേശങ്ങൾ തിരുത്തുകയായിരുന്നു.

പരിപാടി നടക്കുന്ന സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി സുരക്ഷാ ക്രമീകരണങ്ങൾ പുതുക്കി നിശ്ചയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *