കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ കുതിപ്പ് തുടരുന്നു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അവിനാശ് സാബ്ലെ. 8:11.20 മിനുറ്റില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് സാബ്ലെ മെഡല്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരത്തിന്റെ ആദ്യ മെഡലാണിത്.

2019ലെ ദോഹ വേള്‍ഡ്സ്, 2021ലെ ടോക്കിയോ ഒളിമ്പിക്സ് തുടങ്ങി പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ തന്റെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ സാധിച്ചിട്ടുളള താരമാണ് അവിനാശ്. പരിശീലകനായ അമ്രീഷ് കുമാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി 2016ലാണ് താരം സ്റ്റീപ്പിള്‍ ചേസിലേക്ക് മാറിയത്.

വനിതകളുടെ പതിനായിരം മീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി വെള്ളി സ്വന്തമാക്കി. കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് പ്രിയങ്കയുടെ മെഡല്‍ നേട്ടം. 49 മിനിറ്റും 38 സെക്കന്‍ഡും കൊണ്ടാണ് പ്രിയങ്ക പതിനായിരം മീറ്റര്‍ ദൂരം താണ്ടിയത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 27 ആയി.

ഓസ്ട്രേലിയയുടെ ജെമിമ മോന്‍ടാഗ് ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. 43 മിനിറ്റും 34 സെക്കന്‍ഡും പിന്നിട്ടതോടെ ജെമിമി ഫിനിഷിങ് പോയിന്റിലെത്തിയിരുന്നു. നാല് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പ്രിയങ്ക രണ്ടാമതെത്തിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ചരിത്രത്തില്‍ നടത്ത മത്സരത്തില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയായി പ്രിയങ്ക മാറി. ടോക്കിയോ ഒളിമ്പിക്സില്‍ ഇതേ ഇനത്തില്‍ 17-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക എത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *