കോഴിക്കോട് നിപ്പ രോഗം ബാധിച്ചു 12 വയസുകാരൻ മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരും.ഇന്ന് ചേർന്ന ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലം പഞ്ചായത്ത് പൂർണമായും പഞ്ചായത്തുമായി അതിർത്തിപങ്കിടുന്ന മറ്റു പഞ്ചായത്ത് വാർഡുകളും കണ്ടെയ്ൻമെൻ്റ സോണായി തുടരും. അത്യാവശ്യക്കാരെ മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ പഞ്ചായത്തിന് പുറത്തു പോകാൻ അനുവദിക്കൂ.
അതേസമയം കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന് സ്ഥലം എംഎല്‍എ പി.ടി.എ റഹീം. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ നിന്നാണ് കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിരിക്കുന്നത്. പാഴൂര്‍ മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് പതിനെട്ട് പേര് മാത്രമാണെന്നും എംഎല്‍എ പറഞ്ഞു.നിലവില്‍ 251 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നേരത്തെ ഇത് 188 ആയിരുന്നു. 251 പേരില്‍ 32 പേര് ഹൈറിസ്ക് കാറ്റഗറിയില്‍ പെട്ടവരാണ്. എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ സാമ്പിളുകള്‍ പരിശോധിച്ച് ഫലം വരുന്നതിനെ അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍.
രോഗ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ശേഖരിക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്ക് പരിശോധനയക്കായി അയക്കും. ഈ ഫലം അടിസ്ഥാനമാക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. പ്രദേശത്തെ വവ്വാലിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
