പാലക്കാട് ഹോട്ടല്‍ റെയ്ഡില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐഎം-ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. തിരക്കഥയ്ക്ക് പിന്നില്‍ എം ബി രാജേഷും ഭാര്യ സഹോദരനും ബിജെപി നേതാക്കളും ആണെന്ന് വിഡി സതീശന്‍ ആരോപിച്ചു.

കൊടകര കുഴല്‍പ്പണ കേസിലെ ജാള്യത മറയ്ക്കാനാണ് റെയ്ഡ് നടത്തിയതെന്ന് വിഡി സതീശന്‍ പറഞ്ഞു. വനിതാ നേതാക്കളെ അപമാനിക്കാനായിരുന്നു റെയ്ഡ്. വനിത പ്രവര്‍ത്തക ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ മഫ്തിയില്‍ വന്ന് മുറിയില്‍ മുട്ടി. എന്ത് അപമാനകരമാണ്. കേരള പോലീസിനെ ഏറ്റവും നാണംകെട്ട പോലീസ് ആക്കി. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ ചെവിയില്‍ നുള്ളിക്കോളൂ. ഈ ഭരണത്തിന്റെ അവസാനമായെന്ന് വിഡി സതീശന്‍ പറഞ്ഞു.

റെയ്ഡ് പാര്‍ട്ടി ചാനല്‍ എങ്ങനെയാണ് അറിഞ്ഞതെന്ന് വിഡി സതീശന്‍ ചോദിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അഴിമതിയുടെ പണപ്പെട്ടി ക്ലിഫ് ഹൗസിലാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു. മഫ്തിയില്‍ വന്ന പോലീസുകാരന്റെ കയ്യില്‍ ഐഡി കാര്‍ഡ് പോലും ഇല്ലായിരുന്നു. പി കെ ശ്രീമതിയുടെ മുറിയില്‍ ആരും മുട്ടിയില്ല. എം ബി രാജേഷ് ഒരു നിമിഷം കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരം ഉണ്ടാകുമെന്ന് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിയും അളിയനും കൂടിയാണ് ഗൂഢാലോചന നടത്തിയത്. ടിവി രാജേഷിന്റെ മുറി പരിശോധിച്ചിട്ടില്ല. ഗുണ്ടാ സംഘത്തിന് കാവല്‍ നിന്ന ആളാണ് എ എ റഹീമെന്ന് വിഡി സതീശന്‍ പറഞ്ഞു. ബിജെപിയെ പേടിച്ച് മുഖ്യമന്ത്രിയുടെ മുട്ട് വിറക്കുന്നുവെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *