കൊച്ചി∙ അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊല നടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മൂമ്മ റോസിലി (60) യുടെ അറസ്റ്റ് വ്യാഴാഴ്‌ച രേഖപ്പെടുത്തിയേക്കും. മാനസിക വിഭ്രാന്തി നേരിടുന്ന സ്ത്രീയാണ് റോസിലി എന്നാണ് വിവരം. കുഞ്ഞിന്റെ കൊലപാതകത്തിനു പിന്നാലെ മനസിനു താളംതെറ്റിയ നിലയിൽ കണ്ടെത്തിയ റേസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡൽന മരിയ സാറ. മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വർഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയിലായിരുന്നു. തുടർ‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തി.

ഇന്നു രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റോസിലിയുടെ അടുത്തു കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയി തിരിച്ചു വരുമ്പോൾ അനക്കമറ്റ നിലയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. വീട്ടിലെ ബഹളം കേട്ട് അയൽവാസികളടക്കം ഓടിയെത്തുമ്പോൾ ചോരയിൽ കുളിച്ച കുഞ്ഞിനെ വാരിയെടുത്തു നിൽക്കുന്ന ആന്റണിയെയാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *