കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികള്‍ എറണാകുളത്ത് പോലീസ് പിടിയിലായി. സ്വര്‍ണലത, ഗീതാഞ്ജലി ബഹ്റ എന്നിവരെയാണ് പുലര്‍ച്ചെ നാലു മണിയോടെ കാലടിയില്‍ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഇരുവരും. പെരുമ്പാവൂര്‍ എഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവും, കാലടി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
നാലു വയസുള്ള ആണ്‍കുട്ടിയും പിടിയിലാകുമ്പോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒഡിഷയില്‍ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. നേരത്തെയും ഇവര്‍ കഞ്ചാവ് കൊണ്ടു വന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചും ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.