ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പരീക്ഷാ രീതികളിൽ മാറ്റത്തിനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയിൽ കാതലായ മാറ്റം വരുത്തി മുഖം രക്ഷിക്കാനാണ് ശ്രമം. പരീക്ഷാ പ്രക്രിയയുടെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഘട്ടത്തിലെ സുരക്ഷാ വീഴ്ചകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

ഓരോ പരീക്ഷകൾക്കും പ്രത്യേകം ചോദ്യപേപ്പർ തയ്യാറാക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കി “സീറോ ട്രസ്റ്റ് ആർക്കിടെക്ചർ” എന്ന സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനം. ചോദ്യങ്ങൾ തയ്യാറാക്കുന്ന വിഷയ വിദഗ്ദ്ധരോട് തങ്ങൾ തയ്യാറാക്കുന്ന ചോദ്യങ്ങൾ നീറ്റ്, ജെഇഇ അല്ലെങ്കിൽ എൻടിഎ നടത്തുന്ന മറ്റേതെങ്കിലും പരീക്ഷ എന്ന് വേര്‍തിരിച്ച് പറയാതെ ക്വസ്റ്റ്യൻ ബാങ്കുകൾ സൃഷ്ടിച്ച് അതിൽ നിന്നും ചോദ്യം പേപ്പര്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതയാണ് പരീക്ഷിക്കുന്നത്. സിബിഐ അന്വേഷണത്തിൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലും തർജ്ജമ ചെയ്യുന്ന ഘട്ടത്തിലുമാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്ന് കണ്ടെത്തിയിരുന്നു.

ഇതോടെ അന്തിമ ചോദ്യപേപ്പറിനെക്കുറിച്ച് അറിവുള്ള വ്യക്തികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കൂടുതൽ പേരുടെ കൈകളിലേക്ക് ചോദ്യ പേപ്പറിന്റെ അവസാന രൂപം എത്തുന്നത് നിയന്ത്രിക്കാം.

ചോദ്യപേപ്പറിന്റെ വിവിധ ഭാഗങ്ങൾ ചോർത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിവർത്തകരും വിഷയ വിദഗ്ദ്ധരും ഉൾപ്പെടെ 13 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. അതീവ രഹസ്യസ്വഭാവമുള്ള പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിലാണ് ചോർച്ച നടന്നിട്ടുള്ളതെന്ന് അറസ്റ്റിലായവരുടെ പശ്ചാത്തലം സൂചിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഓരോ പരീക്ഷയും 13 ഭാഷകളിലേക്ക് വരെ തര്‍ജമ ചെയ്യപ്പെടുന്നുണ്ട്.

വിശ്വസ്തരായ വിദഗ്ദ്ധർക്ക് ചോദ്യപേപ്പറിന്റെ പൂർണ്ണമായ ഭാഗങ്ങൾ കൈമാറാം എന്ന സമീപനം അവസാനിപ്പിക്കാനാണ് ആലോചിക്കുന്നത്. വ്യക്തികളെ അന്ധമായി വിശ്വസിക്കുന്നതിന് പകരം സാങ്കേതികവിദ്യയിലും സുരക്ഷിതമായ പ്രക്രിയകളിലും മാത്രം അധിഷ്ഠിതമായ ഒരു പരീക്ഷാ രീതിയിലേക്ക് മാറുന്നു.

നിലവിൽ എൻടിഎ നടത്തുന്ന പരീക്ഷകളിൽ നീറ്റ് മാത്രമാണ് പേപ്പറും പേനയും ഉപയോഗിച്ച് നടത്തുന്നത്. ഇത് വരും വർഷങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആക്കി മാറ്റാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഏജൻസി ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ ഒന്നിലധികം സെഷനുകളായി പരീക്ഷ നടത്താനും ആലോചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *