തിരുവനന്തപുരം പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍നിന്നാണ് 18 അടിയോളം നീളമുള്ള രാജവെമ്പാലയെ റോഷ്നിയും സംഘവും പിടികൂടിയത്. വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍ മൂടിയില്‍നിന്നാണ് റോഷ്‌നി ഉള്‍പ്പെട്ട സംഘം രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാലയെ ആദ്യമായാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി എസ് റോഷ്‌നി പിടികൂടുന്നത്.

മുന്‍പ് പല വിഷപ്പാമ്പുകളെയും പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പലയെ പിടിക്കുന്നത് ആദ്യമായാണെന്നും വീഡിയോ വൈറലായതിന് പിന്നാലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി എസ് റോഷ്‌നി പ്രതികരിച്ചു. രാജവെമ്പാലയെ പിടികൂടുകയെന്നത് പാമ്പുകളെ പിടിക്കുന്നവരുടെ വലിയ ആഗ്രഹമാണെന്നും തന്റെയും വലിയ ആഗ്രഹമായിരുന്നുവെന്നും റോഷ്നി പറയുന്നു. ആ ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. പാമ്പുകളെ എങ്ങനെ ശാസ്ത്രീയമായി പിടികൂടി ഉള്‍വനത്തില്‍ വിടാമെന്ന് വനംവകുപ്പ് കൃത്യമായി പരിശീലനം നല്‍കിയിട്ടുണ്ടെന്നും റോഷ്നി വിശദീകരിക്കുന്നു. പരിശീലനം നേടിയ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റോഷ്‌നി പറയുന്നു. ആയിരത്തോളം പാമ്പുകളെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും വനംവകുപ്പില്‍ വന്നതിനു ശേഷമാണ് പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് എടുത്തതെന്നും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *