ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം രണ്ടായി പിളർന്നു. കോഴിക്കോട് പന്തീരാങ്കാവിന് സമീപമാണ് അപകടം. വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ട നിലയിലാണ്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാറിന്റെ വാഹനമാണ് രണ്ടായി മുറിഞ്ഞത്. അസിം അൻസാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്.
റോഡിനുകുറുകെയുള്ള ഈ കിടങ്ങിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു.
കുടിവെള്ളപദ്ധതിയുടെ പ്രധാന പൈപ്പ് സ്ഥാപിക്കാൻ റോഡിനുകുറുകെ പ്രവൃത്തി നടത്തിയ ഭാഗമാണ് വലിയ കിടങ്ങായിക്കിടക്കുന്നത്. കിടങ്ങ് നികത്താനായി വലിയ കരിങ്കല്ലുകൾ ഇട്ടതോടെ കൂടുതൽ അപകടാവസ്ഥയായി.സമീപകാലത്ത് മിനി ബസ് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ കുഴികൾ അടച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ കിടങ്ങിന് ആഴം വർധിച്ചിരിക്കുകയാണ്. സമീപകാലത്ത് പുതുക്കിപ്പണിതറോഡിലാണ് യാത്രക്കാരെ വീഴ്‌ത്തുന്ന ഈ വാരിക്കുഴി.