പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ നക്ഷത്രചിഹ്നമിടാത്തതാക്കി മാറ്റിയെന്ന ആക്ഷേപത്തില്‍ മറുപടിയുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ രംഗത്ത്. ചോദ്യങ്ങൾക്കായി ലഭിക്കുന്ന എല്ലാ നോട്ടീസുകളും യാതൊരു വിവേചനവും കൂടാതെയും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയും ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്കും സ്പീക്കറുടെ നിർദ്ദേശങ്ങൾക്കും വിധേയമായാണ് പ്രോസസ്സ് ചെയ്യുന്നതും അവ സ്റ്റാർഡ് ആയോ അൺസ്റ്റാർഡ് ആയോ അനുവദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.ഭരണപക്ഷ എം.എൽ.എ-മാർ സമർപ്പിക്കുന്ന നക്ഷത്രചിഹ്നമിട്ട ചോദ്യ നോട്ടീസുകളും ചട്ടം 36(2) പ്രകാരം നക്ഷത്രചിഹ്നമിടാത്ത ചോദ്യമാക്കി അനുവദിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളുടെ നോട്ടീസുകളും വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതും തദ്ദേശീയ പ്രാധാന്യം മാത്രമുള്ള വിഷയങ്ങളും ആണെന്ന വസ്തുത പരിഗണിച്ചാണ് അവ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചുള്ളത്. ഇക്കാര്യത്തിൽ മനഃപൂർവ്വമായ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഒരു അംഗം നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനായി നൽകുന്ന നോട്ടീസ് നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി മാറ്റുന്ന സന്ദർഭങ്ങളിലും അവയ്ക്ക് പൂർണ്ണമായോ ഭാഗികമായോ അനുമതി നിഷേധിക്കുന്ന അവസരങ്ങളിലും ചട്ടം 36(3) പ്രകാരമുള്ള അറിയിപ്പ് അംഗങ്ങളുടെ ലോഗിനിൽ ചോദ്യത്തിന്‍റെ കാറ്റഗറിക്കു താഴെയായി കാണുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
